2026 ഒക്ടോബർ 16-ലെ കറന്റ് അഫയേഴ്സ്
INS സമർത്ഥക് കമ്മീഷനിംഗ്, GCoM ബോർഡിൽ വി. കെ. മിനിമോൾ, ചെറുവയൽ രാമൻ അന്തരിച്ചു, BHAVYA പദ്ധതി, യു.എ.ഇ ഛിന്നഗ്രഹ ദൗത്യത്തിൽ Hex20
ഇന്ത്യയുടെ ആദ്യ തദ്ദേശീയ മൾട്ടിപർപ്പസ് വെസൽ: 'INS സമർത്ഥക്'
ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശീയ മൾട്ടിപർപ്പസ് വെസൽ (MPV) 'INS സമർത്ഥക്' ഒക്ടോബർ 16-ന് കർണാടകയിലെ കാർവാർ കദംബ നാവികത്താവളത്തിൽ കമ്മീഷൻ ചെയ്യുന്നു. നാല് തദ്ദേശീയ MPV-കളിൽ ആദ്യത്തേതാണിത്.
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ ലാർസൻ ആൻഡ് ട്യൂബ്രോ (L&T) ചെന്നൈയ്ക്കടുത്ത കാട്ടുപ്പള്ളി കപ്പൽശാലയിൽ നിർമ്മിച്ച കപ്പലിൽ 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളാണുള്ളത്. 107 മീറ്റർ നീളവും 3,750 ടൺ ഭാരവുമുള്ള കപ്പലിന് മണിക്കൂറിൽ 15 നോട്ട് വേഗതയിൽ 4,500 നോട്ടിക്കൽ മൈൽ സഞ്ചരിക്കാം; 116 ജീവനക്കാരുണ്ട് (8 ഓഫീസർമാർ ഉൾപ്പെടെ).
സമുദ്ര നിരീക്ഷണവും പട്രോളിംഗും, ലോ-ഇന്റൻസിറ്റി സമുദ്ര പ്രവർത്തനങ്ങൾ, മാനവരഹിത-സ്വയംഭരണ സംവിധാനങ്ങളുടെ മദർഷിപ്പ്, തദ്ദേശീയ ആയുധങ്ങളുടെയും സെൻസറുകളുടെയും പരീക്ഷണം, ടോവിംഗ്-സാൽവേജ്, മാനവിക സഹായ-ദുരന്ത നിവാരണം (HADR), പരിമിത ശേഷിയുള്ള ആശുപത്രി കപ്പലായുള്ള പരിവർത്തനം എന്നിവയാണ് പ്രധാന ദൗത്യങ്ങൾ. തിരമാലകളിൽ നിന്ന് ഉയർന്നുവരുന്ന ഇന്ത്യൻ ആനയാണ് കപ്പലിന്റെ ചിഹ്നം; "विजयार्थम् एकनिष्ठता" (വിജയമാണ് ഏകലക്ഷ്യം) എന്നാണ് ആപ്തവാക്യം. സഹോദര കപ്പലായ INS ഉത്കർഷ് പരീക്ഷണ ഘട്ടത്തിലാണ്.
'ജി-കോം' (GCoM) ബോർഡിൽ മലയാളി: വി. കെ. മിനിമോൾ
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള നഗര കൂട്ടായ്മയായ 'ഗ്ലോബൽ കവനന്റ് ഓഫ് മേയേഴ്സ് ഫോർ ക്ലൈമറ്റ് ആൻഡ് എനർജി' (GCoM) ബോർഡിലേക്ക് കൊച്ചി കോർപ്പറേഷൻ മേയർ വി. കെ. മിനിമോൾ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 12-ന് ബ്രസൽസിൽ നടത്തിയ പ്രഖ്യാപനത്തിൽ ദക്ഷിണേഷ്യൻ നഗരങ്ങളുടെ പ്രതിനിധിയായാണ് അവരെ ബോർഡ് ഓഫ് മേയേഴ്സ് ആൻഡ് ലീഡേഴ്സിലേക്ക് നിയമിച്ചത്.
150 രാജ്യങ്ങളിലെ 14,000-ലധികം നഗരങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഉൾപ്പെടുന്ന, 1.2 ബില്യൺ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ നഗര കാലാവസ്ഥാ സഖ്യമാണ് GCoM. യു.എൻ കാലാവസ്ഥാ പ്രത്യേക ദൂതൻ മൈക്കൽ ബ്ലൂംബെർഗും യൂറോപ്യൻ കമ്മീഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തെരേസ റിബെറയുമാണ് സഹ-അധ്യക്ഷർ.
ചിലിയിലെ റെങ്ക മേയർ ക്ലോഡിയോ കാസ്ട്രോ (ലാറ്റിനമേരിക്ക), പോളണ്ടിലെ ഗ്ദാൻസ്ക് മേയർ അലക്സാന്ദ്ര ദുൽകീവിച്ച് (യൂറോപ്യൻ യൂണിയൻ, പശ്ചിമ യൂറോപ്പ്) എന്നിവരും ബോർഡിലെത്തി. വായു മലിനീകരണ നിയന്ത്രണത്തിലും ഹരിത മാതൃകകളിലും കൊച്ചി കോർപ്പറേഷൻ നടപ്പാക്കിയ മാതൃകാ പ്രവർത്തനങ്ങൾക്കുള്ള ആഗോള അംഗീകാരമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.
'പാരമ്പര്യ നെല്ലച്ഛൻ' ചെറുവയൽ രാമൻ അന്തരിച്ചു
കേരളത്തിലെ അപൂർവ്വമായ പാരമ്പര്യ നെൽവിത്തുകളുടെ രക്ഷാധികാരിയും പത്മശ്രീ പുരസ്കാര ജേതാവുമായ വയനാട് സ്വദേശി ചെറുവയൽ രാമൻ (74) അന്തരിച്ചു. ഒക്ടോബർ 14-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വയനാട് എടവകയിലെ കമ്മന സ്വദേശിയായ ഇദ്ദേഹം കുറിച്യ ഗോത്രവിഭാഗത്തിൽപ്പെട്ട കർഷകനാണ്. മൂന്ന് ഏക്കർ കൃഷിയിടത്തിൽ 55-ലധികം പരമ്പരാഗത നെൽവിത്ത് ഇനങ്ങൾ ഇദ്ദേഹം സംരക്ഷിച്ചു; വിത്തുകൾ വിൽക്കാതെ വിത്ത്-കൈമാറ്റ സമ്പ്രദായത്തിലൂടെ കർഷകർക്ക് സൗജന്യമായി നൽകി. 'നെല്ലച്ഛൻ' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു; കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പ്ലാന്റ് ജീനോം സേവ്യർ അവാർഡും 2025-ലെ ഉമ്മൻചാണ്ടി സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2011-ൽ ഹൈദരാബാദിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ 11 രാജ്യങ്ങളുടെ പ്രതിനിധികൾക്കൊപ്പം കേരളത്തെ പ്രതിനിധീകരിച്ചു.
വ്യവസായ വികസനത്തിന് 'ഭാരത് ഔദ്യോഗിക് വികാസ് യോജന' (BHAVYA)
രാജ്യത്തുടനീളം 100 പ്ലഗ്-ആൻഡ്-പ്ലേ ഇൻഡസ്ട്രിയൽ പാർക്കുകൾ നിർമ്മിക്കുന്നതിനായി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ₹33,660 കോടിയുടെ ബൃഹത് അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് 'ഭാരത് ഔദ്യോഗിക് വികാസ് യോജന' (BHAVYA - Bharat Audyogik Vikas Yojna).
2026-27 മുതൽ 2031-32 വരെയുള്ള ആറ് വർഷത്തിനുള്ളിൽ പാർക്കുകൾ വികസിപ്പിക്കും. വാണിജ്യ മന്ത്രാലയത്തിലെ DPIIT-യ്ക്ക് കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ (NICDC) സംസ്ഥാന സർക്കാരുകളുമായും സ്വകാര്യ മേഖലയുമായും ചേർന്നാണ് നടപ്പാക്കുക. ഏക്കറിന് ₹1 കോടി വരെ ആന്തരിക അടിസ്ഥാന സൗകര്യങ്ങൾക്കും പദ്ധതിച്ചെലവിന്റെ 25% വരെ ബാഹ്യ കണക്റ്റിവിറ്റിക്കും കേന്ദ്ര സഹായം ലഭിക്കും.
100 മുതൽ 1,000 ഏക്കർ വരെയാണ് പാർക്കുകളുടെ വലുപ്പം (വടക്കുകിഴക്കൻ, മലയോര സംസ്ഥാനങ്ങളിൽ 25 ഏക്കർ മതി). 'ചാലഞ്ച് മോഡ്' മത്സരത്തിലൂടെയാണ് പദ്ധതികൾ തിരഞ്ഞെടുക്കുക; പി.എം. ഗതിശക്തി തത്വങ്ങളുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുക. നിർമ്മാണ യൂണിറ്റുകൾ, MSME-കൾ, സ്റ്റാർട്ടപ്പുകൾ, ആഗോള നിക്ഷേപകർ എന്നിവരാണ് പ്രധാന ഗുണഭോക്താക്കൾ. ആദ്യഘട്ടത്തിൽ 50 പാർക്കുകൾക്കായി സംസ്ഥാനങ്ങളിൽ നിന്ന് 87 നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
യു.എ.ഇയുടെ ഛിന്നഗ്രഹ ദൗത്യത്തിൽ കേരള സ്റ്റാർട്ടപ്പ് 'Hex20'
യു.എ.ഇയുടെ ചരിത്രപ്രധാനമായ ഛിന്നഗ്രഹ പര്യവേഷണ ദൗത്യമായ 'എമിറേറ്റ്സ് മിഷൻ ടു ദി ആസ്റ്ററോയ്ഡ് ബെൽറ്റി'നുള്ള പേടക സംവിധാനങ്ങൾ വികസിപ്പിക്കുന്നത് തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായുള്ള സ്പേസ് ടെക് സ്റ്റാർട്ടപ്പ് 'Hex20' ആണ്. യു.എ.ഇ ബഹിരാകാശ ഏജൻസിയും ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (TII) 2024 നവംബറിൽ തിരഞ്ഞെടുത്തതോടെ ഗൾഫ് രാജ്യത്തിന്റെ ആഴ്ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനിയായി Hex20 മാറി.
പേടകത്തിന്റെ സ്പേസ്ക്രാഫ്റ്റ് ബസ്, സോഫ്റ്റ്വെയർ, ഓൺബോർഡ് കമ്പ്യൂട്ടർ, വൈദ്യുതി സംവിധാനങ്ങൾ എന്നിവയാണ് Hex20 വികസിപ്പിച്ചത്; മസ്ദാർ സിറ്റിയിലെ കേന്ദ്രത്തിലാണ് നിർമാണം. ഈ മാസം (ഒക്ടോബർ 2026) ഉപഗ്രഹം യു.എ.ഇയ്ക്ക് കൈമാറും; തുടർന്ന് അമേരിക്കയിൽ വലിയ പേടകവുമായി സംയോജിപ്പിച്ച് 2028-ഓടെ ജപ്പാന്റെ JAXA വഴി വിക്ഷേപിക്കും.
MBR എക്സ്പ്ലോറർ എട്ട് വർഷം കൊണ്ട് അഞ്ച് ബില്യൺ കിലോമീറ്റർ സഞ്ചരിച്ച് ആറ് ഛിന്നഗ്രഹങ്ങളെ കടന്ന് 2036-ഓടെ 269 ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിലെത്തും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സാന്നിധ്യത്തിലാണ് പേടകം അനാച്ഛാദനം ചെയ്തത്. അമൽ ചന്ദ്രൻ (CEO), എം. ബി. അരവിന്ദ് (COO) എന്നിവരാണ് സഹസ്ഥാപകർ.